വരിനെല്ലിനെ പിടിച്ചുകെട്ടി പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം
പട്ടാറപ്പൻ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, തിമിരി 20.06.2020
ഒന്നാം വിള നെൽകൃഷിയുടെ അന്തകനായി മാറുന്ന വരിനെല്ലിനെ കാസറഗോഡ് ജില്ലയിലെ നെൽപ്പാടങ്ങളിൽ നിന്നു നിവാരണം ചെയ്യുന്നതിന് ഒരു സമഗ്ര കർഷക പങ്കാളിത്ത പദ്ധതി നടപ്പിലാക്കുകയാണ് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം. പൂര്‍ണ്ണമായും ജൈവ ജില്ലയായി പ്രഖ്യാപിച്ച കാസറഗോഡില്‍ ജൈവ രീതിയിലുള്ള കളനിവാരണമാണ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. പ്രകൃത്യാ തന്നെ വയലറ്റ് നിറമുള്ള “ജപ്പാന്‍ വയലറ്റ്” എന്ന നാടന്‍ നെല്ലിനം ഉപയോഗിച്ചു കൊണ്ട് ജനകീയ പങ്കാളിത്തത്തിലൂടെ പച്ച നിറമുള്ള വരിനെല്ല് എന്ന കളയെ പിഴുതുമാറ്റുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ ഭാഗമായ് 2020 ഏപ്രില്‍ മാസത്തില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം, കാസറഗോഡ് ജില്ലയിൽ ആദ്യമായി, തിമിരി വയലില്‍ 1000 സെന്ററില്‍ കൃഷി ചെയ്യുന്നതിനായി 300 കിലോ “ജപ്പാന്‍ വയലറ്റ്” എന്ന നാടന്‍ നെല്ലിനത്തിന്റെ വിത്ത് സൗജന്യമായി വിതരണം ചെയ്തു. സാധാരണ നെല്ലിനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇലകള്‍ക്കും തണ്ടിനും വയലറ്റ് നിറമാണ് ഈ ഇനത്തിനുള്ളത്. അത് കൊണ്ട് തന്നെ 45 ദിവസങ്ങള്‍ കഴിയുമ്പോള്‍ പാടത്ത് പച്ച നിറമുള്ള വരിനെല്ല് ചെടികള്‍ പ്രത്യേകമായി തിരിച്ചറിയുന്നതിനും അവ പറിച്ചു നശിപ്പിക്കുന്നതിനും എളുപ്പത്തില്‍ കഴിയും.
20.06.2020ന്, കോവിഡ് 19ന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി കയ്യൂർ ചീമേനി പഞ്ചായത്തിലെ തിമിരി പാടശേഖരത്തിലെ 1000 സെന്ററില്‍ സാമൂഹ്യ അകലം പാലിച്ച് കർഷകരും, യുവജന, സന്നദ്ധ സംഘടനകളും കുട്ടികളും അടങ്ങുന്ന 16 ഗ്രൂപ്പുകളാണ് ഈ ദൗത്യം നിർവഹിച്ചത്. ‘കല്ലടിയാരൻ’, ‘രാജമേനി’, ‘രാജകയമ’, ‘കയമ’, ‘ഞവര’, ‘ചെമ്പാവ്’, ‘തേവർ’, ‘കുഞ്ഞൂട്ടി’, ‘കുട്ടൂസൻ’, ‘കുഞ്ഞുകുഞ്ഞ്’, ‘കൊച്ചുവിത്ത്’, ‘ആവടി’, ‘മാലക്കാരൻ’, ‘ചൊക്കരിയാൻ’, ‘അല്ലിക്കണ്ണന്‍’, ‘തവളക്കണ്ണൻ’ എന്നീ നാടന്‍ നെല്ലിനങ്ങളുടെ പേരുകള്‍ ആണ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. കുട്ടികളെയും, യുവജനങ്ങളെയും കൃഷിഭൂമിയിലേക്കിറക്കി മണ്ണിനെയും പ്രകൃതിയേയും തൊട്ടറിഞ്ഞു കൃഷിയിലേക്കു ആകർഷിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.
പിലിക്കോട് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. (ഡോ.) ടി. വനജ സ്വാഗതമാശംസിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കെ. ശകുന്തള അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി. പി. ജാനകി നിര്‍വഹിക്കുകയും ചെയ്തു. ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ്റ് പ്രൊഫസര്‍ കുമാരി. അനുപമ. എസ്., പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍, വാര്‍ഡ് മെമ്പര്‍ ശ്രീ. ടി.വി. കുഞ്ഞികൃഷ്ണന്‍, കൃഷി ഒഫീസര്‍ ശ്രീമതി രേഷ്മ കെ, തിമിരി സര്വ്വീസ് കോ. ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് ശ്രീ വി. രാഘവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും, തിമിരി വയല്‍ പാടശേഖരസമിതി സെക്രട്ടറി ശ്രീ. എം. ഗോപാലന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.