കായംകുളം ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച ‘ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ സയൻസസ്’ എന്ന കോഴ്സിന്റെ ഉദ്ഘാടനം 8/11/2023 രാവിലെ 10 മണിക്ക് ബഹു: കായംകുളം എ.എൽ.എ നിർവ്വഹിച്ചു. ഓണാട്ടുകര മേഖലയിലെ പ്രഥമ കാർഷിക വിദ്യാഭ്യാസ കോഴ്സ് കായംകുളം എം.എൽ.എ അഡ്വ.യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഡിപ്ലോമ കോഴ്സ് ആയ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ് ആരംഭിക്കുന്നത്. ഇതോടെ ഓണാട്ടുകര മേഖലയിലെ പ്രഥമ കാർഷിക വിദ്യാഭ്യാസ സ്ഥാപനമായി ഈ കേന്ദ്രം മാറി. ഇക്കൊല്ലം 25 വിദ്യാർത്ഥികൾക്കാണ് ഈ കോഴ്സിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകരയുടെ പ്രൗഢമായ കാർഷിക സംസ്കൃതി അടുത്ത് അറിയുവാനും നൂതനമായ കൃഷി രീതികൾ അഭ്യസിക്കാനും ഇതുവഴി വിദ്യാർഥികൾക്ക് അവസരം ഒരുങ്ങുകയാണ്. ഓണാട്ടുകര മേഖലയുടെ ദീർഘനാളുകളായുള്ള ആവശ്യമാണ് ഇവിടെ ഒരു കാർഷിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുക എന്നത്. ഈ കോഴ്സിന്റെ ഉദ്ഘാടനത്തോടുകൂടി ഈ ആഗ്രഹം സഫലീകരിക്കപ്പെട്ടതായി എം.എൽ.എ അഭിപ്രായപ്പെട്ടു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് കേരള കാർഷിക സർവ്വകലാശാലയോട് എം.എൽ.എ നന്ദിയും കടപ്പാടും അറിയിച്ചു. വിദ്യാർത്ഥികളെ കൃഷിയുടെ പ്രചാരകരാകാൻ എംഎൽഎ ആഹ്വാനം ചെയ്തതിനു പുറമേ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭ അധ്യക്ഷ ശ്രീമതി പി ശശികല മുഖ്യപ്രഭാഷണം നടത്തി. കേരള കാർഷിക സർവകലാശാല സതേൺ സോൺ അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. അനിത്ത് കെ എൻ അക്കാദമിക് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ അക്കാദമിക് കലണ്ടറിന്റെയും ബ്രോഷറിന്റെയും പ്രകാശന കർമ്മം നിർവഹിച്ചു. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണത്തിൽ നിന്നും കർഷകർക്കായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന രണ്ട് പുതിയ ഉത്പന്നങ്ങൾ ആയ paecilomyces ന്റെയും ട്രൈക്കോ കാർഡിന്റെയും ഉദ്ഘാടനവും രജിസ്ട്രാർ ഡോക്ടർ എ.സക്കീർ ഹുസൈൻ നിർവഹിച്ചു. ഈ ഗവേഷണ കേന്ദ്രത്തിൽ നിന്നും കർഷകർക്കായി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം ഇതോടെ 51 ആയി . നഗരസഭ കൗൺസിലർമാരായ ശ്രീ ബിജു നസറുള്ള, ശ്രീമതി കെ. വിജയശ്രീ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.അനു ജി. കൃഷ്ണൻ സ്വാഗതവും ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവിയും പ്രോജക്ട് ഡയറക്ടറുമായ ഡോ. വി. മിനി കൃതജ്ഞതയും രേഖപ്പെടുത്തി.
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0019.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0016.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0014_1.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0012.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0011.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231109-wa0011_1.jpg)
![](https://rarsvni.kau.in/sites/default/files/photos/img-20231108-wa0029.jpg)