തൃശ്ശൂർ,കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജൂൺ 2 നു മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആഫ്രിക്കൻ ഒച്ചുകളുടെയും, ചൊറിയൻ പുഴുക്കളുടെയും, പുള്ളി പുൽച്ചാടിയുടെയും ആക്രമണത്തിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവലംബിക്കുന്നതിനായാണ് ഈ ഓൺലൈൻ സംവാദം സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരായ ഡോ. ഹസീന ഭാസ്കർ., ഡോ. ഗവാസ് രാഗേഷ്., ഡോ. ബെറിൻ പത്രോസ്. ഡോ. ദീപ്തി കെ.ബി., ഡോ. ദീപ ജെയിംസ് തുടങ്ങിയവരും, പ്രശ്നങ്ങൾ നേരിടുന്ന ബ്ലോക്കുകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി. മേല്പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങൾ സർവ്വകലാശാല ശാസ്ത്രജ്ഞർ നിർദ്ദേശിക്കുകയും ചെയ്തു.
1. പുള്ളി പുൽച്ചാടിയ്ക്കുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ
ഓരോ പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ആക്രമണമായിട്ടാണ് ഈ പുള്ളി പുൽച്ചാടിയെ കണ്ടിട്ടുള്ളത്. ആക്രമണം രൂക്ഷമുള്ളിടത്ത് വേപ്പധിഷ്ഠിത കീടനാശിനിയോ വേപ്പെണ്ണ എമൾഷനോ തളിക്കാവുന്നതാണ്. ഇവയുടെ പ്രജനനം തടയുന്നതിനായി, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇവർ മണ്ണിൽ മുട്ടയിടുന്നതിനാൽ മണ്ണ് നന്നായി കിളച്ചു കൊടുത്ത് മണ്ണിലുണ്ടാകുന്ന മുട്ടക്കൂട്ടങ്ങളെയും സമാധിദശകളെയും നശിപ്പിക്കാൻ സാധിക്കും.
2. ചൊറിയൻ പുഴുവിനെതിരെയുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ
സാധാരണയായി മഴ തുടങ്ങുമ്പോഴാണ് ചൊറിയൻ പുഴുവിന്റെ ആക്രമണം ഉണ്ടാകാറുള്ളത്. വിളകളെ കാര്യമായി ബാധിക്കാറില്ല. ജാതി, കമുക്, തെങ്ങ് എന്നീ മരത്തടികളിന്മേലാണ് ഇത് സാധാരണയായി കാണാറുള്ളത്. രൂക്ഷമായി കാണുന്ന ഇടങ്ങളിൽ സിന്തറ്റിക് പൈറത്രോയിഡ് ഗണത്തിലുള്ള കീടനാശിനികളിലൊന്നായ കരാട്ടെ 3 മി.ലി 5 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് തളിച്ച് നശിപ്പിക്കാം. കൂട്ടമായി കാണുന്നവയെ തീപ്പന്തം ഉപയോഗിച്ചു കത്തിക്കാം. മുറ്റത്തും, വീടിനും ചുറ്റുമുള്ളവയെ നശിപ്പിക്കാൻ മണ്ണെണ്ണ എമൽഷൻ 20 മി.ലി. 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കൊടുക്കുക. 1 ലിറ്റർ വെള്ളത്തിൽ 5 മുതൽ 10 മി.ലി വേപ്പെണ്ണയും 6 ഗ്രാം സോപ്പും ചേർത്ത് കലക്കി സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്.
3. ആഫ്രിക്കൻ ഒച്ചിനെതിരെയുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ
ജനപങ്കാളിത്തത്തോടെ കൂട്ടമായി ചെയ്യേണ്ട നിയന്ത്രണ രീതികളാണ് ഇതിനെതിരെ അവംലബിക്കേണ്ടത് . ഒച്ചിന് 5 മുതൽ 8 വർഷം വരെ ജീവിത ദൈർഘ്യമുള്ളതിനാൽ വീണ്ടും ഉണ്ടാകാവുന്ന ഒച്ചിന്റെ ആക്രമണം തടയുന്നതിനായി ഒരു ബോധവത്കരണ ക്യാമ്പയിൻ വാർഡ് അടിസ്ഥാനത്തിലോ, പഞ്ചായത്തുകളിലോ വെയ്ക്കേണ്ടതാണ്. എന്നിട്ട് മാസത്തിൽ ഒന്നോ രണ്ടോ ദിവസം വൈകുന്നേരം ആറര മുതൽ എട്ടു മണി വരെ കഴിയുന്നത്ര ഒച്ചുകളെ ശേഖരിക്കേണ്ടതാണ്. ഇതിനു വേണ്ടി കാബേജ്, കോളിഫ്ലവർ, പപ്പായ ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഇലകൾ നനഞ്ഞ ചണച്ചാക്കുകളിൽ ഇട്ട് വീടിനു ചുറ്റും വെയ്ക്കുന്നത് വഴി അവയെ ആകർഷിക്കുവാൻ സാധിക്കും. എന്നിട്ടു ഇവയെ ശേഖരിച്ചു 10 മുതൽ 20 ശതമാനം വരെ ഉപ്പു വെള്ളത്തിലിട്ടു ( 200 ഗ്രാം ഉപ്പ് 1 ലിറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കുക.
രണ്ടാമത്തെ മാർഗ്ഗം അര കിലോ ഗോതമ്പ്, 200 ഗ്രാം ശർക്കര ചേർത്ത് കുഴമ്പു രൂപത്തിലാക്കി, പുളിക്കാനായി 5 ഗ്രാം യീസ്റ്റും, 25 ഗ്രാം തുരിശും ചേർത്തിളക്കി മഴ കൊള്ളാതെ ചെടിച്ചട്ടികളിൽ വെച്ച് കൊടുക്കുക. വിളകളിൽ ആക്രമണം കാണുകയാണെങ്കിൽ ചെമ്പു കലർന്ന കീടനാശിനിയായ കോപ്പർ ഓക്സിക്ളോറൈഡ് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നതും അഭികാമ്യമാണ്. വളരെ ചുരുക്കം ചെടികളിലാണ് ഇതിന്റെ ആക്രമണം കാണുന്നതെങ്കിൽ ബ്ലീച്ചിങ് പൗഡർ, പുകയിലപ്പൊടി, തുരിശ്ശ് പൊടി ഇവയിൽ എതെങ്കിലും ഒന്ന് ചെടികൾക്ക് ചുറ്റും ഇട്ടു കൊടുക്കുന്നത് നല്ലതാണ്.
കേരള വന ഗവേഷണ സ്ഥാപനത്തിന്റെ (KFRI) നിർദ്ദേശപ്രകാരം, 30 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക, 60 ഗ്രാം തുരിശ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക ഈ രണ്ടു ലായനികളും ചേർത്ത് തെളിക്കുന്നതും ഒച്ചിനെ നിയന്ത്രിക്കാൻ വളരെ പ്രയോജനകരമാണ്. വാഴ, കമുക്, തെങ്ങ് ഇവയിൽ കയറാതിരിക്കാൻ ചുവടെ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് തേച്ചു കൊടുക്കുക. രൂക്ഷമാണെങ്കിൽ മാത്രം മെറ്റാൾഡിഹൈഡ് എന്ന കീടനാശിനി ഉപയോഗിക്കാം. ഒറ്റ തവണ നിയന്ത്രണം കൊണ്ട് ഇവയുടെ ആക്രമണം മാറുകയില്ല. വർഷം തോറും പുതുമഴ തുടങ്ങുന്നതിനു മുൻപ് വീണ്ടും തുടർച്ചയായി ഇങ്ങനെയുള്ള പ്രതിരോധ നടപടികൾ നമ്മൾ അവലംബി ക്കേണ്ടതായുണ്ട്. ഒച്ചുകളുടെ ആക്രമണമുള്ള പറമ്പുകളിൽ കുമ്മായം, തുരിശ്ശ് എന്നിവ പറമ്പുകളുടെ ചുറ്റുമുള്ള വരമ്പുകളിൽ ഇട്ടു കൊടുക്കുന്നത് ഇവ മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യാതിരിക്കാൻ സഹായിക്കും.